ടികെ എം 85
- Radhakrishnan Palghat
- 5 days ago
- 3 min read
ടികെ എം 85 സ്മരണി കയിലേക്ക് ഓർമ്മക്കുറിപ്പ് എഴുതാനിരിക്കുമ്പോൾ റോസ് നിറമുള്ള മിനാരങ്ങളും ക്ലാസ് മുറികളും അധ്യാപകരും സഹപാഠികളും മനസ്സിലേക്ക് ഇരമ്പിവരും
“സ്മരണകൾ ഇരമ്പും “എന്ന വയലാർവ രികൾ വിപ്ലവ പരിവേഷത്തിൽ ആണെങ്കിൽ ഇവിടെ നൊസ്റ്റാൾജിക് പരിഭാഷയിലാവും എന്ന വ്യത്യാസം മാത്രം .
വീട്ടിൽ നിന്നും ആദ്യമായി മാറിനിൽക്കുന്ന അന്നത്തെ പതിനേഴ് കാരന് വിനയചന്ദ്രൻ എന്ന കവി നൽകിയ കൂട്ട് ആദ്യം ഓർക്കും '
" കൂട്ടുകിടക്കുന്ന പുസ്തക കൂട്ടങ്ങൾ
കലണ്ടറിൽ ചുട്ടു കത്തിച്ചു കിടക്കും അവധികൾ"
( വീട്ടിലേക്കുള്ള വഴി - ഡി. വിനയചന്ദ്രൻ)
ആഴ്ച്ചാ വസാനം പതിവായി വീട്ടിലേക്കുള്ള വഴി മാത്രംഉള്ളിൽ വിനീത വിധേയമായി നീണ്ടു നിവർന്നു കിടന്നു.
റോസ് കളർ ഓർമ്മ -ഒന്ന്
============================================
കരിക്കോട്ട് കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ്റെ ഇപ്പുറത്ത് ,
കോളേജ് സ്ഥിതി ചെയ്യുന്നതിൻറെ എതിർഭാഗത്ത് മോഹൻ സ് ലോഡ്ജി ൽ ഞങ്ങൾ കുറച്ചുപേർ - മെക്കാനിക്കലിലെ വിജയകുമാർ കെമിക്കലിലെ ശൂരനാട് സുരേഷ്, , നസീർ പ്രൊഡക്ഷനിലെ ഷാജി തങ്കപ്പൻ, ഷൗക്കത്തലി ഇലക്ട്രോണിക്സ് ലെ ഇസത്തലി, പിന്നെ യുവത്വം പിന്നിടാറായ സായാഹ്ന കോഴ്സിലെ ഉദ്യോഗസ്ഥരായ പാർടൈം വിദ്യാർഥികൾ. ബഷീറിൻറെ ഭാഷയിൽ "ജീവിതം യൗവന തീക്ഷ്ണമായ വരും ഹൃദയം പ്രേമ സുരഭിലമായവരുമായ കുറെ പേരെ ഞാൻ ആദ്യം കാണുന്നത് അവിടെയാണ്.
അവരുടെ ലോകവീക്ഷണവും സർക്കാർ ഉദ്യോഗസ്ഥനുഭവങ്ങളും സാഹിത്യ അവലോകനങ്ങളും ഗംഭീര അനുഭവങ്ങൾ ആയിരുന്നു. ഹോസ്റ്റൽ അന്തേവാസികളായ എൻറെ സുഹൃത്തുക്കൾക്കുകിട്ടാതെ പോയ കുറെ അനുഭവങ്ങളാണ് ഞങ്ങളുടെ അത്താഴാനന്തര ചർച്ചകളിൽ മുഴങ്ങി നിന്നത്.
വി കെ എൻ,ചുള്ളിക്കാട് തുടങ്ങികാഫ്ക്കയിലും നെരോദയിലും ഗ്രാം ഷി യിലും അവർ ഞങ്ങളെ ജ്ഞാനസ്നാനം ചെയ്യിപ്പിച്ചു. അവരിൽ ഒരാളുടെ സംസാരശൈലി മറക്കാനാവില്ല. സംസാരത്തിനിടയിൽ രണ്ട് കൈപ്പത്തികളും ഇടത് വലത് ബ്രാക്കറ്റുകൾ ആക്കി പറയേണ്ട കാര്യം പറയുന്ന രീതി.
ഉദാഹരണത്തിന് ,ഡാവിഞ്ചിയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം ഒരു സ്വവർഗ്ഗ അനുരാഗിയായിരുന്നു എന്ന വാക്യം പറയുന്നത് കൈകൾ കൊണ്ട് ബ്രാക്കറ്റിട്ടാണ്.
ഇതാണ് ഇപ്പോൾ പുതിയ യുവ പ്രഭാഷകർ രണ്ട് കൈയിലെയും ഈ രണ്ടു വിരലുകൾ കൊണ്ട് ഡബിൾ ക്വോ ട് സ് ആകാശത്തിൽ വരയ്ക്കുന്നത് - ചില കാര്യങ്ങൾ ഊന്നി പറയാൻ .
അവരിൽ പലരും ഇന്നില്ല എന്നത് വേദനിപ്പിക്കുന്ന ഓർമ്മകളാണ് കൂടെ കെമിക്കലിലെ നമ്മുടെ നസീറും.
80 85 കാലഘട്ടത്തിൽ ബിടെക്കെടുത്ത അവരെയും നമുക്ക് TKM85 എന്ന് വിളിക്കേണ്ടിവരും. റോസ് കളർ മിനാരങ്ങൾ ഓർമിപ്പിക്കുന്ന വ്യക്തികളിൽ അവരും നമ്മോടൊപ്പം കൂടും.
റോസ് നിറമുള്ള ഓർമ്മ -രണ്ട്
==============================================
ടി കെ എം സിൽവർ ജൂബിലി ആഘോഷത്തിന്റെ സായാഹ്ന സമ്മേളനത്തിൽ പ്രേംനസീർ വരും എന്ന് പ്രഖ്യാപിച്ച ഒരു ദിവസം എൻറെ ഓർമ്മയിൽ ഒരു റോസ് നിറമുള്ള ബാഡ്ജ് ആയും മറ്റൊരു നോവായും നില്ക്കുന്നു.
നസീർ ഫാൻസ് അസോസിയേഷൻറെ റോസ് കളർ ബാഡ്ജ് അണിഞ്ഞ് പോകാൻ ആഗ്രഹിച്ച ദിവസം(എൻറെ ശേഖരത്തിൽ ആ റോസ് നിറമുള്ള ബാഡ്ജ് ഇപ്പോഴും ഉണ്ട് )
രാവിലെ കലശലായ പല്ലുവേദന. മൂന്നാംകുറ്റിയിലെ ദന്തഡോക്ടർ ആണ് ആദ്യമായി എൻറെ വായിൽ കോലിട്ടിളക്കിയത്!
അദ്ദേഹം "വെട്ടൊ ന്ന് മുറി രണ്ട് "എന്ന നയത്തിൽ കോവിദൻ ആണെന്ന് തോന്നി.
ഈ പല്ല് എടുത്തുകളയുകയല്ലേ എന്ന് ചോദിച്ചത് മാത്രം എനിക്ക് ഓർമ്മയുണ്ട്.
ചോര കണ്ടാൽ തലകറങ്ങുന്ന വിശേഷസ്വഭാവം അന്നും ഇന്നും ഉള്ളതിനാൽ പിന്നെ എനിക്കൊന്നും ഓർമ്മയില്ല.
എൻറെ അടുത്ത മുറിയിൽ താമസിക്കുന്ന ഞങ്ങൾ ആശാരി സാർ എന്ന് വിളിക്കുന്ന ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥനായ വിജയൻ സാറാണ് ഓട്ടോയിൽ ഡോക്ടറുടെ അടുത്ത് എന്നെ കൊണ്ടുപോയത്.
അന്ന് അങ്ങനെ നസീറിനെ കാണാനോ ആ ബാഡ്ജ ധരിക്കാനോആവാതെ കേരളദേശം പാർട്ടിയെ സ്വപ്നം കണ്ട് ഞാൻ പല്ലുപോയ വേദനയിൽ മുറിയിൽ കിടന്നുറങ്ങി. റോസ് കളർ ബാഡ്ജ് മേശപ്പുറത്തും !
അപ്പോൾ സുരേഷ് കുമാർ ഒരു രാഷ്ട്രീയ വാക്യം പറഞ്ഞത് ഓർമ്മയുണ്ട്.
“ദേവരാജ് അര ശ്എന്ന കന്നട രാഷ്ട്രീയക്കാരൻ ഇന്ദിരാഗാന്ധിയുമായി പിണങ്ങി പുതിയ പാർട്ടി രൂപീകരണത്തിന് വേണ്ടി കോൺഗ്രസ് യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾഅദ്ദേഹം പല്ലുവേദന എന്ന കാരണമാണ് പറഞ്ഞത്.”
സഹമുറിയനായ വിജയകുമാർ ലോഡ്ജ് മുറിയിൽ വയ്ക്കുന്ന കഞ്ഞിയുടെ സ്വാദ് ഇന്നും ഓർമ്മയിലുണ്ട്. ചെമ്പാവിന്നരിയുടെ റോസ് നിറമായി നാവിലും രുചിയായി ''
ഒരു ദിവസം ഇന്ന് നമ്മൾ എന്താണ് "വയ്ക്കുന്നത് കഞ്ഞിക്ക് പകരം " എന്ന് ചോദിച്ചപ്പോൾ ഇന്ന് വേണ്ടെന്നു "വയ്ക്കാം " എന്ന മറുപടി പറഞ്ഞതും ഓർമ്മയുണ്ട്.
റോസ് നിറമുള്ള ഓർമ്മ - 3
കോളേജ് ക്യാന്റീനിലെ ആവർത്തനവിരസമായ ഉച്ചഭക്ഷണം മടുക്കുമ്പോൾ ലഞ്ചിന് കരിക്കോട് ബസ്റ്റോപ്പിന് അടുത്തുള്ള ദുർഗാ ഹോട്ടലിലേക്ക് പോകും.
ആഹാരം മോശമാണെങ്കിലും അവിടത്തെ സ്റ്റീരിയോ എഫക്ട് ഉള്ള സ്പീക്കറിൽ കൂടി വരുന്ന സിനിമാഗാനങ്ങൾ കേൾക്കാൻ വേണ്ടി മാത്രം.
മഞ്ഞണിക്കൊമ്പിൽ ഞാത്തിയിട്ട ജിംഗിൾസ് പോലുള്ള പാട്ടുകൾ ലൂപ്പിൽ ഇട്ടതുപോലെ കേൾക്കാം.
ബീറ്റ്റൂട്ട് തൈരിൽ ചാലിച്ച കൊല്ലത്തെ മാത്രം കറിയായി പേറ്റൻ്റ് വാങ്ങാൻ സാധിക്കുന്ന റോസ് കളർ ലായനി ഉച്ചയൂണിന്റെ ഇലയിൽ കല്ലോലിനിയായി ഒഴുകും.
ഞങ്ങളുടെ സഹപാഠിയും ഗാനാസ്വാദകനും പിൽക്കാലത്ത് ഐഎസ്ആർഒ ചെയർമാനുമായി സോമനാഥും ഈ റോസി ഗാന കല്ലോലിനിയിൽ അലിയാൻ ഉച്ചയൂണിന് ഞങ്ങളോടൊപ്പം ഉണ്ടാകാറുണ്ട്.
ഇത്തിരി മോഡേൺ ആയ ആ ഹോട്ടലിൻറ ഉടമ സ്ഥനെ "കഴുകൻ "എന്ന് ഞങ്ങളുടെ ലോഡ്ജിലെ പാർടൈം ബിടെക് വിദ്യാർഥി മോഹൻദാസ് വിളിക്കുന്നത് ഓർമ്മയിൽ നിൽക്കുന്നു.
ഇന്നുവരെ കാണാൻ ആയിട്ടില്ലാത്തറിലീസ് ആകാത്ത സിനിമകളിലെ ചിത്രങ്ങളിലെ പാട്ടുകൾക്ക് എന്തൊരു നൊസ്റ്റാൾജിയ യാണ് '
പൂവല്ല പൂന്തളിരല്ലാ
മാനത്തെ മഴവില്ലല്ല
മനസ്സിൽ തന്ത്രികൾ മീട്ടും വീണാഗായിക –
'അവളുടെ പാദരേണു തേടിയലഞ്ഞ് സ്വപ്നങ്ങളൊക്കെയും പങ്കുവെച്ചു നീലക്കടമ്പുകൾ പൂക്കുന്ന വീഥിയിൽ പ്രതീക്ഷിച്ചു നിൽക്കുമ്പോൾ ഉള്ള റിലാക്സേഷൻ എഴുതി ഫലിപ്പിക്കാൻ ആവില്ല !
ദേവദാസി, കാട്ടുപോത്ത്, കാണാൻ കൊതിച്ച്, നീലക്കടമ്പ് എന്നീ ചിത്രങ്ങൾ ഒക്കെ പുറത്തിറങ്ങിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകും. പൊന്നലയിൽ അമ്മാനമാടി, പാദരേണു തുടങ്ങി സ്പെഷ്യൽഎഫക്ട് ഉള്ള സ്റ്റീരിയോ ഫോണി ക് സംവിധാനത്തിലെ ഗാനലേഖനം ഇപ്പോഴും വേറിട്ട് നിൽക്കുന്നു.
"മാണിക്യകൊക്കേ നീയെൻ്റെ
മീനിനെ നാണിച്ചു നോക്കുന്നത് എന്തേ"
എന്ന് പാടുമ്പോൾ ഇലയിലെ പൊരിച്ച മീനിനെനോക്കി ഒരു മാണിക്യ പൂച്ച അതുവഴി നടന്നുപോകുന്നത് പോലെ തോന്നും
'ഈ പാട്ടുകളൊക്കെ ചിത്രീകരിക്കപ്പെട്ടു പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നതു പോലെ ആ പഴയകാല കരിക്കോട് ജീവിതവും തിരികെ വരാൻ വെറുതെ മോഹിക്കാം.
ജീവിതത്തിൽ റീടേക്കുകൾഇല്ല എന്നത് ഒരു പരസ്യവാചകം മാത്രമല്ല.
അതിലോല ചിറകുകൾ ഉള്ള റോസാ ദളശലഭ ഭംഗിയുള്ള ഓർമ്മകൾഎത്ര വേഗത്തിലാണ് ആകാശദൂരങ്ങളിലേക്ക് കൺ മുന്നിലൂടെ പറന്നു പോകുന്നത്? അതേ പഴയ ഞാൻ ...റോസ് നിറമുള്ള ഗോപുര നടയിൽ അതേ കൗതുകത്തോടെ നിൽക്കുന്നു
Comments